ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പനകള്‍ ധാരാളമായി കണ്ടുവന്ന പ്രദേശമായിരുന്നു നെടുമ്പനയെന്ന് പഴമക്കാര്‍ പറയുന്നു. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന പഞ്ചായത്ത് പ്രദേശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിരവധി ബ്രാഹ്മണ കുടുംബങ്ങളുടെ അധീനതയിലായിരുന്നു. പുലിയില, മുട്ടയ്ക്കാവ്, നല്ലില, പഴങ്ങാലം, പള്ളിമണ്‍ എന്നീ പ്രദേശങ്ങളില്‍ ബ്രാഹ്മണ മഠങ്ങള്‍ ഉണ്ടായിരുന്നു. കാലപ്പഴക്കം പറയാനാവാത്ത പ്രസ്തുത മഠങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും അവിടങ്ങളില്‍ കാണാം. ക്ഷേത്ര പരിപാലനവും വേദപഠനവും മുഖ്യ തൊഴിലായി സ്വീകരിച്ചുപോന്ന ഈ ബ്രാഹ്മണരുടെ വിസ്തൃതമായ കൃഷിയിടങ്ങളില്‍ വിളയിറക്കിയിരുന്നത് അവരുടെ വിശ്വസ്തരോ പാര്‍ശ്വവര്‍ത്തികളോ ആയിരുന്ന കരപ്രമാണിമാരായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മ രാജാവും, രാമയ്യനും എട്ടുവീട്ടില്‍ പിളളമാരുടെ ആക്രമണത്തെ ഭയന്ന് ഒളിവില്‍ കഴിയുന്ന കാലം. പുലിയിലായിലെത്തിയ മഹാരാജാവ് ആദ്യം പോര്‍ക്കുളം മഠത്തിലെത്തി. പോറ്റി അഭയം നിക്ഷേധിച്ചതിനെ തുടര്‍ന്ന് പഴങ്ങാലം വലിയമഠത്തില്‍ അഭയംതേടി. അവിടേയും അദ്ദേഹത്തെ ഉള്‍ക്കൊണ്ടില്ല. ഒടുവില്‍ കുഴിമതിക്കാട് മഠമാണ് രാജാവിന് അഭയം നല്‍കിയത്. പില്‍ക്കാലത്ത് മഹാരാജാവ് തനിക്കഭയം നല്‍കാത്ത മഠങ്ങള്‍ പൊളിച്ചുമാറ്റി അന്തര്‍ജനങ്ങളെ കടപ്പുറത്തെ മുക്കുവര്‍ക്ക് ദാനം ചെയ്തതായി പറയുന്നു. മനയുടെ മരമുപയോഗിച്ച് ആശ്രമം അമ്പലത്തിന്റെ ഊട്ടുപുര നിര്‍മ്മിച്ചു എന്നാണ് പ്രചാരത്തിലുള്ളത്. മഹാരാജാവിന് അന്ന് വഴികാട്ടിയവര്‍ക്കും വെള്ളം കൊടുത്തവര്‍ക്കും കരമൊഴിവായി ഭൂമി പതിച്ചുകൊടുത്ത പഴയ റവന്യൂ രേഖകളുമുണ്ട്. അക്കാലങ്ങളില്‍ നടന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായവയാണ് പഞ്ചായത്തില്‍ ഇന്നുകാണുന്ന ചുമടുതാങ്ങികളും, വഴിയമ്പലവും, കളിത്തട്ടുകളും. ദേശാധിപത്യം സ്ഥാപിക്കാനുള്ള തത്രപ്പാടില്‍ കരപ്രമാണികള്‍ തമ്മിലും ഇടയ്ക്കിടെ പോരടിക്കാറുണ്ടായിരുന്നുവെന്ന് പോര്‍ക്കുളം, കൊരക്കളം തുടങ്ങിയ പ്രാദേശിക സ്ഥലനാമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. അക്കാലത്ത് പള്ളി മണാറിന്റെ വിശാലമായ മണല്‍ തിട്ടയില്‍ രൂപംകൊണ്ട കൊലക്കളമാണ് പിന്നീട് “കൊരക്കള” മായി മാറിയത്. ഏകദേശം രണ്ടര നൂറ്റാണ്ടുമുമ്പ് കൊടശനാട്ടുനിന്നെത്തിയ ഏതാനും വിശ്വാസികളാണ് പഞ്ചായത്തിലെ ക്രിസ്തുമത വിശ്വാസികളുടെ മുന്‍ഗാമികള്‍. കൊല്ലങ്ങള്‍ക്കു ശേഷം ഇസ്ളാം മതവും പ്രചാരത്തിലെത്തി. വീടുകളുടെ ശില്പവിദ്യയില്‍ ചൈനീസ് മാതൃക കലര്‍ന്നിരുന്നു. വര്‍ഷങ്ങളോളം കൊല്ലത്തുവന്ന് കച്ചവടം നടത്തിയ ചൈനാക്കാര്‍ ഗൃഹനിര്‍മ്മാണ ചരിത്രത്തില്‍ നല്‍കിയ മായാത്ത സംഭാവനയാണ് “കോടികള്‍”. വീടു നിര്‍മ്മാണത്തില്‍ പരക്കെ കണ്ടുവന്നതാണ് ഈ “കോടി” കള്‍ സമ്പ്രദായം. പരമ്പരാഗത കൈത്തൊഴിലായ കളിമണ്‍ പാത്ര നിര്‍മ്മാണത്തില്‍ മുട്ടയ്ക്കാവ് പ്രദേശങ്ങള്‍ക്കുള്ള പ്രാധാന്യം അദ്വിതീയമാണ്. കച്ചവടത്തിനായി കടല്‍ കടന്നത്തിയ പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്ന കശുവണ്ടി പില്‍ക്കാലത്ത് കൊല്ലം ജില്ലയെ ആഗോള വ്യാവസായിക ഭൂപടത്തില്‍ ഒരു പ്രത്യേക സ്ഥാനത്തിനര്‍ഹമാക്കി. കശുവണ്ടി ഉല്പാദനത്തില്‍ പഞ്ചായത്ത് ഒരുകാലത്ത് വളരെ മുന്നിലായിരുന്നു. 1095-ല്‍ പുത്തന്‍പുരയില്‍ (താഴവിള) നാണുപിള്ള നെടുമ്പനയില്‍ സ്ഥാപിച്ച പ്രൈമറി വിദ്യാലയം വിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്. ഒരുമയുടെ സന്ദേശവുമായി ശ്രീനാരായണ ഗുരു പഞ്ചായത്തിലെ നെടുമ്പന പ്രദേശവും സന്ദര്‍ശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഐ എന്‍ എ യില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച നിരവധിയാളുകള്‍ പഞ്ചായത്തിലുണ്ട്. നാല്പതുകളുടെ ആരംഭത്തിലായിരുന്നു പഞ്ചായത്തിലെ പ്രധാനപ്പെട്ട പല റോഡുകളും വിലമതിക്കാനാവാത്ത മനുഷ്യാദ്ധ്വാനത്തോടെ നിര്‍മ്മിക്കപ്പെട്ടത്